Sent to you by Clash via Google Reader:
via KAMAL VARADOOR by KAMALVARADOOR on 1/9/10
വിംസി അന്തരിച്ചുകോഴിക്കോട്: മലയാള കായിക പത്രപ്രവര്‍ത്തനത്തിന് പുത്തന്‍ ദിശാബോധം നല്‍കിയ വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ വിംസി എന്ന വി.എം ബാലചന്ദ്രന്‍ (86) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ ബിലാത്തിക്കുളത്തെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദിനപ്രഭയിലുടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച വിംസി ദീര്‍ഘകാലം മാതൃഭൂമിയിലായിരുന്നു. 1984 ല്‍ മാതൃഭൂമിയില്‍ നിന്ന് അസിസ്റ്റന്‍ഡ് എഡിറ്ററായി വിരമിച്ച അദ്ദേഹം പിന്നീട് സ്വന്തം കോളങ്ങളിലുടെ കായികരംഗത്തെ മൂല്യച്യൂതികളെ തുറന്ന് കാട്ടിയിരുന്നു. പരേതയായ അമ്മിണിയമ്മയാണ് ഭാര്യ. ഉണ്ണികൃഷ്‌ണന്‍ (എസ്.ബി.ഐ), വിജകൃഷ്‌ണന്‍ (സിവില്‍ എഞ്ചിനിയര്‍), മിനി എന്നിവരാണ് മക്കള്‍. 1925 ല്‍ താമരശ്ശേരിയില്‍ ജനിച്ച വിംസിയിലെ പത്രപ്രവര്‍ത്തകന്‍ 1949 ല്‍ ദിനപ്രഭയിലുടെയാണ് വായനക്കാരുടെ മുന്നിലെത്തുന്നത്. മലയാള പത്രങ്ങളില്‍ സ്‌പോര്‍ട്‌സിന് പ്രത്യേക താളുകള്‍ ഇല്ലാത്ത കാലത്ത്, കളിയെഴുത്തിന്റെ ലോകത്ത് പുതിയ പ്രവണതകള്‍ക്ക് തുടക്കം നല്‍കിയ വിംസി 1950 ലാണ് മാതൃഭൂമിയില്‍ ചേര്‍ന്നത്. കായിക മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രത്യേക പദാവലികളും ശൈലിയും സംഭാവന ചെയ്‌ത അദ്ദേഹത്തിന്റെ ആത്മകഥ വാല്‍ക്കഷ്‌ണം പൂര്‍ത്തിയാവാനിരിക്കെയാണ് മരണം. (കൂടുതല്‍ വാര്‍ത്തകള്‍ക്ക് സ്‌പോര്‍ട്‌സ് ചന്ദ്രിക കാണുക)
തേര്‍ഡ് ഐ-കമാല്‍ വരദൂര്‍
വിംസി മരണം കൊതിച്ചിരുന്നു
ഏകാന്തതയുടെ തടവറയില്‍ വിംസി മരണം കൊതിച്ചിരുന്നു... ഭാര്യ അമ്മിണിയമ്മയുടെ വിയോഗത്തിന് ശേഷം ബിലാത്തിക്കുളത്തെ നാരായണീയത്തില്‍, വായനയില്‍ മാത്രം ആശ്വാസം കണ്ടെത്തിയ അദ്ദേഹത്തെ കാണാന്‍ രണ്ട് മാസം മുമ്പ് വീട്ടിലെത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സിനെ വേട്ടയാടുന്നുണ്ട്. മകന്റെ വീട്ടിന്റെ വരാന്തയിലെ കസേരയിലിരിക്കുകയായിരുന്നു വിംസി. പ്രായം നേത്രങ്ങളെ ബാധിച്ചതിനാല്‍ അദ്ദേഹത്തിന് ആളുകളെ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ശബ്ദത്തില്‍ നിന്നും എന്നെ തിരിച്ചറിഞ്ഞ അദ്ദേഹം കൈകകള്‍ നീട്ടി. നിനക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലല്ലേ എന്ന പരിഭവത്തിന് അദ്ദേഹം തന്നെ മറുപടി നല്‍കി. അല്ലെങ്കിലും ഫോണ്‍ ചെയ്‌തിട്ടെന്ത് കാര്യം-എനിക്ക് ശബ്ദവും കേള്‍ക്കാനാവില്ലല്ലോ..... ഒരു കാലത്ത് മലയാള കായിക മാധ്യമ പ്രവര്‍ത്തനരംഗത്ത് ശക്തമായ ശബ്ദമായി നിറഞ്ഞ ബാലേട്ടന്‍ വേദനകളിലും കായികലോകത്തെ ശബ്ദങ്ങള്‍ മനസ്സിലാക്കിയിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫളഡ്‌ലൈറ്റുകള്‍ തെളിഞ്ഞതിന്റെ സന്തോഷം പ്രകടമാക്കിയ അദ്ദേഹം കുറെ പഴയ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ അതെല്ലാം കേട്ടിരിരുന്നു. യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത്‌് കരങ്ങള്‍ മുറുകെ പിടിച്ച് അദ്ദേഹം പറഞ്ഞു-നീ എന്റെ കഴുത്ത് ഒന്ന് പിടിച്ചുതരുമോ...... മതിയായെടാ ഈ ഏകാന്തത.... ആരോടും സംസാരിക്കാനാവില്ല, ആരും എന്നെ കേള്‍ക്കാനില്ല... ഇങ്ങനെ ഏകാന്തതയെ സ്‌നേഹിക്കാനും എനിക്കാവുന്നില്ല... നീ ഇടക്ക് നിര്‍ബന്ധമായും വിളിക്കണം.....
വിംസിയുടെ വാക്കുകള്‍ മനസ്സിനെ ചെറുതായിട്ടല്ല വേട്ടയാടിയത്. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോവുന്നവരുടെ വേദനകള്‍ നേരില്‍ കണ്ടപ്പോള്‍ ആ രാത്രി ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. പിന്നെ പലപ്പോഴും വിംസിയെ ഫോണില്‍ വിളിക്കും. വിംസിയെന്ന മാധ്യമ പ്രവര്‍ത്തകനാവാന്‍ -സത്യം ഇനിയുള്ള തലമുറയില്‍ ആര്‍ക്കുമാവില്ല. ശുദ്ധമായ രചനയില്‍ സത്യസന്ധതയുടെ അമ്പും നിശിത വിമര്‍ശനത്തിന്റെ വില്ലുമുണ്ടായിരുന്നു. പറയാനുള്ളത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ വിംസിക്ക് ശത്രുക്കള്‍ നിരവധിയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തനമെന്നത് സുഹൃത്തുക്കളെ സമ്പാദിക്കാനുളള ഗുളികയല്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള അദ്ദേഹം എന്നും ഗ്യാലറികളെ സ്‌നേഹിച്ച, വായനക്കാരുടെ മനസ്സിനെ അറിഞ്ഞ കായിക പത്രപ്രവര്‍ത്തകനായിരുന്നു. അധികമൊന്നും ബഹുമതികള്‍ അദ്ദേഹത്തെ തേടി വന്നിരുന്നില്ല. എം.വി പൈലി അവാര്‍ഡും നിലാംബരന്‍ അവാര്‍ഡും ടി.അബൂക്ക അവാര്‍ഡും ഒടുവില്‍ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സമഗ്ര സംഭാവനക്കുളള പുരസ്‌ക്കാരവും അദ്ദേഹത്തെ തേടി വന്നത് സജീവ മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്തല്ല.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് കാലിക്കറ്റ് പ്രസ്സ് ക്ലബ് കഴിഞ്ഞ വര്‍ഷം കാപ്പാട് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ജര്‍ണലിസം വര്‍ക്ക് ഷോപ്പില്‍ വിംസിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തെ ക്ഷണിക്കനായി ഞാനും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ മത്തായിയും വീട്ടില്‍ ചെന്നു. വര്‍ക്ക്‌ഷോപ്പില്‍ വരാനും കായിക പത്രപ്രവര്‍ത്തന രംഗത്തെ തന്റെ പിന്‍ഗാമികളെ പരിചയപ്പെടാനും ആഗ്രഹമുണ്ടായിരുന്ന അദ്ദേഹം തന്റെ പരാധീനതകളാണ് പറഞ്ഞത്. കാഴ്‌ച്ചക്കും കേള്‍വിക്കും തകരാറുളള ഞാന്‍ നിങ്ങള്‍ക്ക് ബാധ്യതയാവും. സോറി ഞാന്‍ വരുന്നില്ല-എത്ര നിര്‍ബന്ധിച്ചിട്ടും വിംസി വന്നില്ല. വര്‍ക്ക് ഷോപ്പ് കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ മൊമന്റോ നല്‍കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വീണ്ടുമെത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസനും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അന്ന് ധാരാളം സംസാരിച്ച വിംസി മടങ്ങുമ്പോള്‍ ഫോണില്‍ വിളിക്കാന്‍ മറക്കരുതെന്നും പറഞ്ഞു.
കായിക പത്രപ്രവര്‍ത്തന രംഗത്ത് ഇങ്ങനെയൊരു പ്രതിഭയില്ല. പി.എ മുഹമ്മദ് എന്ന് മുഷ്‌ത്താഖായിരുന്നു മലയാള പത്രപ്രവര്‍ത്തന രംഗത്ത് കളിയെഴുത്തിന് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ വഴിയിലുടെ വന്ന വിസിയും മറഞ്ഞിരിക്കുന്നു. കെ കോയ എന്ന കളിയെഴുത്തുകാരനും ഈ തലമുറയില്‍പ്പെട്ട വ്യക്തിയായിരുന്നു. ഒരു കാലഘട്ടമാണ് കായിക പത്രപ്രവര്‍ത്തന രംഗത്ത് അവസാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് പകരം വെക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ കായിക പത്രപ്രവര്‍ത്തന ശാഖ തികച്ചും അനാഥമായിരിക്കയാണ്..... പെലെയുടെ ചെത്തിയടിയും ബ്രാഡ്‌മാന്റെ ലോകം കുലുക്കി പ്രകടനവുമെല്ലാം വിംസി കളിയെഴുത്തിന് സമ്മാനിച്ച കൈയ്യൊപ്പുകളാണ്... അദ്ദേഹത്തിന്റെ വാല്‍ക്കഷ്‌ണത്തില്‍ ഒളിഞ്ഞിരിക്കാറുള്ള വിമര്‍ശനത്തിന്റെ ആക്ഷേപ തീവ്രത മറക്കാനാവില്ല. വാല്‍ക്കഷ്‌ണം എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ നാമവും. കാലത്തിന്റെ വഴിയില്‍ പരാതികളില്ലാതെ സഞ്ചരിച്ച പ്രിയപ്പെട്ട ഗുരുവിന് ആയിരം പ്രണാമങ്ങള്‍.
വിംസിയെ പി.ടി ഉഷ ഓര്‍മ്മിക്കുന്നു
കോഴിക്കോട്: മഞ്ചേരിയില്‍ നടന്ന എഞ്ചിനിയര്‍മാരുടെ കായിക മേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് പി.ടി ഉഷ വിംസിയുടെ വിയോഗ വാര്‍ത്തയറിയുന്നത്. ഉടന്‍ തന്നെ ഭര്‍ത്താവ് ശ്രീനിവാസനും ഉഷ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സെക്രട്ടറി അജനചന്ദ്രനുമൊപ്പം വിംസിയുടെ വീട്ടിലെത്തിയ സ്‌പ്രിന്റ് റാണി ഒരു നിമിഷം ഗദ്‌ഗദകണ്‌ഠയായി.... ഉഷയിലെ കായികതാരത്തിന് നൂറില്‍ നൂറ് മാര്‍ക്കിട്ടപ്പോഴും, വളര്‍ന്നു വരുന്ന ഉഷയെ നേര്‍വഴിയിലേക്ക് നയിക്കാന്‍ തന്റെ തൂലികയിലെ ബ്രഹ്മാസ്‌ത്രം പ്രയോഗിച്ച വിംസിയെ മറക്കാന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട താരത്തിന് കഴിയില്ല. ഉഷക്ക് വളരാന്‍ വളക്കൂറുളള മണ്ണ്‌് ഇവിടെയാണെങ്കിലും വിദേശ പരിശീലനം സമ്പാദിച്ചാല്‍ മാത്രമാണ് ലോകോത്തര തലത്തില്‍ കുതിക്കാന്‍ കഴിയൂ എന്ന ആദ്യം വ്യക്തമാക്കിയത് വിംസിയായിരുന്നു. തന്റെ ഓര്‍മ്മകളിലൂടെ പി.ടി ഉഷ:
വിംസിയെ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. കെ.കോയ, വിംസി, കെ.എന്‍. ആര്‍ നമ്പൂതിരി തുടങ്ങിയവരാണ് എന്റെ ആദ്യകാല ഗുരുക്കന്മാര്‍. അവരാണ് എന്നിലെ എന്നെ താരമാക്കി മാറ്റിയത്. കോയക്ക എപ്പോഴും കുതിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കും. നമ്പൂതിരിയാണെങ്കില്‍ ട്രാക്കിലെ പുതിയ പ്രവണതകളെക്കുറിച്ച് പറഞ്ഞ് തരും. വിംസി അങ്ങനെയൊന്നുമായിരുന്നില്ല. അദ്ദേഹം പറയാനുള്ളത് തുറന്ന് പറയും. എനിക്ക് വിദേശത്ത് സ്‌ക്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. പക്ഷേ അത് പരിശീലനത്തിനുളളതായിരുന്നില്ല. കായികപഠനം സംബന്ധിച്ചുള്ളതായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ പിന്മാറി. അത് അറിയാതെയാണ് അദ്ദേഹം ഞാന്‍ വിഡ്ഡിത്തമാണ് കാട്ടിയതെന്ന് പറഞ്ഞത്. വളരെ പോസീറ്റിവായി മാത്രം കാര്യങ്ങളെ കാണുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇത്ര ധൈര്യത്തില്‍, ആധികാരികമായി സംസാരിക്കുന്നവരെ ഈ മേഖലയില്‍ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണം കേരളത്തിന്റെ കായികരംഗത്തിനും ഉഷ സ്‌ക്കൂളിനും വലിയ നഷ്‌ടമാണ്.
സത്യസന്ധനായ കളിയെഴുത്തുകാരന്‍
കോഴിക്കോട്: കളിയോടുള്ള താല്‍പ്പര്യം പോലെ കളിയെഴുത്തിനെയും പ്രിയങ്കരമാക്കിയത് വിംസിയാണെന്ന് മന്ത്രി ബിനോയ് വിശ്വം. ഫുട്‌ബോള്‍ എന്ന ഗെയിമിന് തനത് ഭാവങ്ങളുണ്ട്. ഈ ഭാവങ്ങളെ അടുത്തറിയാന്‍ മൈതാനത്ത് വരണം. എന്നാല്‍ വിംസിയിലെ കളിയെഴുത്തുകാരന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മൈതാനത്ത് പോയി കളി കണ്ടത് പോലെയാണെന്ന് ബിനോയ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ വിംസിയുടെ ഭൗതിക ശരീരത്തില്‍ ആദരാഞ്‌ജലി അര്‍പ്പിച്ച മന്ത്രി കായിക പത്രപ്രവര്‍ത്തന രംഗത്ത് ഇത്ര കരുത്തനായ ഒരു പകരക്കാരനില്ല എന്ന പക്ഷത്താണ്. ഒരു തരത്തിലും സത്യത്തെ കൈവിടാന്‍ മുതിരാത്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു വിംസിയെന്ന് മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി.രാജഗോപാല്‍ പറഞ്ഞു. മേയര്‍ എം. ഭാസ്‌ക്കരന്‍, ഡെപ്യൂട്ടി മേയര്‍ അബ്ദുള്‍ ലത്തീഫ്, ഏ പ്രദീപ് കുമാര്‍ എം.എല്‍.എ, കെ.അബൂബക്കര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കമാല്‍ വരദൂര്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആര്‍.മധുശങ്കര്‍, സെക്രട്ടറി കെ. പ്രേംനാഥ്, ട്രഷറര്‍ നടുക്കണ്ടി അബൂബക്കര്‍, നവാസ് പൂന്നൂര്‍, എന്‍.പി രാജേന്ദ്രന്‍, എം.സുധീന്ദ്രകുമാര്‍, വി.ഇ ബാലകൃഷ്‌ണന്‍, ഭാസി മലാപ്പറമ്പ് തുടങ്ങിയവര്‍ വിംസിക്ക് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസാഥന പ്രസിഡണ്ട് കെ.സി രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് ടി.പി ദാസന്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
ലങ്ക താണ്ടാന്‍ ഇന്ത്യ വീണ്ടും
ധാക്ക: 19 മാസത്തിനിടെ 21-ാം തവണ വീണ്ടുമിതാ ഒരു ഇന്ത്യ-ലങ്ക അതിര്‍ത്തി പോരാട്ടം. ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ന് ലങ്കയെ നേരിടുമ്പോള്‍ ഇന്ത്യക്കാണ് സമ്മര്‍ദ്ദം. കഴിഞ്ഞ മല്‍സരത്തില്‍ തോറ്റവരാണ് ഇന്ത്യ. കഴിഞ്ഞ 21 മല്‍സരങ്ങളില്‍ വിജയപ്പട്ടികയില്‍ ഇന്ത്യയാണ് മുന്നില്‍. 12-7 എന്ന തരത്തില്‍ ഇന്ത്യക്ക് അനുകൂലമാണ് സ്‌ക്കോര്‍ ലൈന്‍. രണ്ട് മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 2008 ല്‍ പാക്കിസ്‌താനില്‍ നടന്ന ഏഷ്യാ കപ്പിലാണ് അവസാനമായി ലങ്ക ഇന്ത്യയെ ആധികാരികമായി പരാജയപ്പെടുത്തിയത്. അതിന് ശേഷം വിജയങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യക്കൊപ്പമായിരുന്നു. പക്ഷേ ബംഗബന്ധു നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന മല്‍സരത്തില്‍ ലങ്ക ജയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടത്തിന് വീര്യമുണ്ട്. ഇന്നത്തെ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് പ്രയാസങ്ങളില്ല. ഫൈനല്‍ കളിക്കാം. അതേ സമയം പരാജയപ്പെട്ടാല്‍ അത് ബംഗ്ലാദേശിന് അവസരമാവും. തിങ്കളാഴ്‌ച്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാ മല്‍സരത്തിന് പ്രാധാന്യമേറുകയും ചെയ്യാം. അങ്ങനെയൊരു അവസ്ഥക്ക് അവസരം നല്‍കാന്‍ മഹേന്ദ്രസിംഗ് ധോണിക്ക് എന്തായാലും താല്‍പ്പര്യമുണ്ടാവില്ല. ഇന്ന് ആധികാരികമായി തന്നെ ജയിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും.
ലങ്കന്‍ സംഘത്തില്‍ ഇന്ന് തിലകരത്‌നെ ദില്‍ഷാന്‍ കളിക്കുന്നുണ്ട്. പരുക്ക് കാരണം കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യക്ക് പ്രശ്‌നം ബൗളിംഗിലാണ്. കഴിഞ്ഞ മല്‍സരത്തില്‍ എല്ലാ ബൗളര്‍മാരും നിരാശയാണ് സമ്മാനിച്ചത്. ഫീല്‍ഡിംഗിലും ടീം നിരാശപ്പെടുത്തിയിരുന്നു. മല്‍സരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ നിയോ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും.
ഹോക്കിയെ രക്ഷിക്കാന്‍ ഷാറൂഖ്
മുംബൈ: ഇന്ത്യന്‍ ഹോക്കിയെ രക്ഷിക്കാന്‍ ഇതാ ചക്‌ദേ ഇന്ത്യാ ഹീറോ സാക്ഷാല്‍ ഷാറൂഖ് ഖാന്‍ എന്ന കിംഗ് ഖാന്‍. ശബളത്തിനായി സമരം ചെയ്യേണ്ടി വന്ന ഗതിക്കേടില്‍ ഇന്ത്യന്‍ താരങ്ങളോട് സഹതാപം പ്രകടിപ്പിച്ച ഷാറുഖ് ഏത് തരത്തിലുള്ള സഹായത്തിനും താന്‍ തയ്യാറാണെന്നാണ് ട്വിറ്റര്‍ ചാറ്റില്‍ വ്യക്തമാക്കിയത്. ഷാറൂഖ് നായകനായ ഹോക്കി ചിത്രം ചക്‌ദേ ഇന്ത്യ വന്‍ വിജയമായിരുന്നു. ഈ ചിത്രത്തിലെ വേഷത്തിന് ശേഷം ദേശീയ ഗെയിമിനെ രക്ഷിക്കാന്‍ രംഗത്തുള്ള ഷാറൂഖ് താരങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതിരിക്കുന്നത് കുറ്റകരമായ കാര്യമാണെന്ന് പറഞ്ഞു. ഒരു തരത്തിലും കാര്യങ്ങള്‍ ഈ വിധമാവരുതായിരുന്നു. രാജ്യത്തിനായി കളിക്കുകയും ശബളത്തിനായും സമരം ചെയ്യുകയും ചെയ്യേണ്ടി വരുന്നത് മോശമാണെന്നും അദ്ദേഹം പറഞ്ഞു. ചക്‌ദേ ഇന്ത്യയില്‍ ഇന്ത്യന്‍ ദേശീയ വനിതാ ഹോക്കി ടീമിന്റെ പരിശീലകന്റെ വേഷത്തിലായിരുന്നു ഷാറൂഖ് പ്രത്യക്ഷപ്പെട്ടത് . സീനിയര്‍ താരമായിരുന്ന അദ്ദേഹം പാക്കിസ്‌താനുമായുളള മല്‍സരത്തില്‍ പെനാല്‍ട്ടി ഷോട്ട് നഷ്ടമാക്കിയതിന്റെ പേരില്‍ ആരോപണ വിധേയനായ ശേഷം വനിതാ ടീമിന്റെ കോച്ചായി തിരിച്ചുവരുന്നതായിരുന്നു മനോഹരമായ ചിത്രം.
അതിനിടെ ഇന്ത്യന്‍ ഹോക്കിയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് ഹോക്കി ഇന്ത്യ വക്താക്കള്‍ അറിയിച്ചു. ഇന്നലെ അവര്‍ സീനിയര്‍ താരങ്ങളുമായി ചര്‍ച്ചകള്‍ നടത്തി.
ജോസ്‌ക്കോ ജയിച്ചു
എടവണ്ണ: സീതി ഹാജി മെമ്മോറിയല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ കപ്പ് ഫുട്‌ബോളില്‍ ജോസ്‌ക്കോ എഫ്.സി കൊച്ചി സ്റ്റീഫന്‍ ലിജോയുടെ ഗോളില്‍ ഇന്ത്യന്‍ നേവി മുംബെയെ പരാജയപ്പെടുത്തി. ഇന്ന് രണ്ടാം ഗ്രൂപ്പ് മല്‍സരങ്ങള്‍ ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ ചാന്ദ്‌നി എഫ്.സി കോഴിക്കോട് എം.ഇ.എസ് മമ്പാടിനെ എതിരിടും.
വിവക്ക് സമനില
ഷില്ലോംഗ്: ഐ ലീഗ് ഫുട്‌ബോളില്‍ വിജയത്തിനരികില്‍ വിവ കേരള വീണ്ടും കലമുടച്ചു. ലാജോംഗ് എഫ്.സിയുമായി ഇന്നലെ നടന്ന മല്‍സരത്തില്‍ ഒട്ടനവധി അവസരങ്ങള്‍ തുലച്ച വിവ സമനില വഴങ്ങി.
Things you can do from here:
- Subscribe to KAMAL VARADOOR using Google Reader
- Get started using Google Reader to easily keep up with all your favorite sites
No comments:
Post a Comment