Sent to you by Clash via Google Reader:
കാമറൂണിന്റെ റോജര്‍ മില്ലയെന്ന 38 വയസ്സുള്ള വയസ്സനായിരുന്നു ആ ലോകകപ്പിന്റെ താരം. മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ മറഡോണയുടെ അര്‍ജന്റീനയെ 1-0നു അട്ടിമറിച്ച് കൊണ്ടായിരുന്നു കാമറൂണിന്റെ തുടക്കം. ആവേശ്വോജ്ജ്വലമായ ആ കുതിപ്പ് ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ കരുത്തിനെ ലോക ഫുട്ബാള്‍ മാമാങ്കത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ചു. ഓരോ തവണയും മില്ലയുടെ കാലുകള്‍ പന്തിനെ പുണരുമ്പോള്‍ ലോകമെമ്പാടുമുള്ള പുരുഷാരം തിളച്ച് മറിയുന്ന ആവേശത്തോടെ "മില്ല.. മില്ല.." എന്ന് ആര്‍ത്തുവിളിച്ചു. ഗോളടിച്ചതിനു ശേഷമുള്ള മില്ലയുടെ അരക്കെട്ട് കുലുക്കിയുള്ള ഡാന്‍സായിരുന്നു മൈതാനങ്ങള്‍ ഇന്നേവരെ കണ്ടതിലേക്ക് വെച്ച് ഏറ്റവും കൌതുകകരമായ വിജയാഘോഷം. മുന്‍വരി പല്ലുകളുടെ അര്‍ദ്ധ ശൂന്യത തുറന്ന് കാണിച്ച് ഗാന്ധിജിയുടേത് പോലെ നിഷ്കളങ്കമായ ചിരിയുമായി മില്ല സമസ്ത വന്‍കരകളിലേയും കായിക ഹൃദയങ്ങള്‍ കീഴടക്കി.
ആ റോജര്‍മില്ലയുടെ പേരു വിനുവിന് രജിസ്റ്റര്‍ ചെയ്ത് കിട്ടിയത് ലീഗ് റൌണ്ടിലെ കാമറൂണ്‍-റുമാനിയ മത്സരത്തിന് ശേഷമായിരുന്നു.
അന്ന് വിനു പ്രീഡിഗ്രിക്കാണ് പഠിക്കുന്നത്. ചേട്ടനായ അജിത്ത് ഡിഗ്രിക്കും. എല്ലാവരുടേയും വീടുകളില്‍ ടി.വി. ഇല്ലാത്തതിനാലും അജിത്ത് ഒരു ഫുട്ബാള്‍ ഭ്രാന്തനായതിനാലും നാട്ടിലെ ചെറുപ്പക്കാരൊക്കെ ഭാസ്കരേട്ടന്റെ വീട്ടില്‍ നിന്നാണ് മത്സരങ്ങള്‍ കാണുന്നത്. നല്ല മഴയുള്ള രാത്രിയില്‍ ഓരോ ടീമുകളായി തിരിഞ്ഞ് ആര്‍പ്പുവിളിയും ബഹളവുമായി കളി കാണാന്‍ നല്ല രസമായിരുന്നു.
രാത്രി രണ്ട് മത്സരങ്ങളാണുണ്ടാവുക. രണ്ടെണ്ണവും കാണണമെന്നു കരുതിയാണ് എല്ലാവരും വരുന്നത്. എന്നാല്‍ ചിലര്‍ ആദ്യത്തെ മത്സരത്തിന് ശേഷമുള്ള ഇടവേളയില്‍ ഒന്ന് തല ചായ്ച്ചേക്കും. അവനവന്‍ പിന്തുണയ്ക്കുന്ന ടീമിന്റെ കളിയല്ലെങ്കില്‍ പിന്നെ ആ തല പൊന്തുന്നത് രണ്ടാമത്തെ കളിയും കഴിഞ്ഞതിനു ശേഷം വീട്ടില്‍ പോകാനായിരിക്കും. എന്നാലും പിറ്റേന്നും എല്ലാവരും കളി കാണാനുണ്ടാവും. ഒരിക്കലും നേരില്‍ കാണുകയോ അറിയുകയോ പോലുമില്ലാത്ത ഏതോ നാടിനും കളിക്കാര്‍ക്കും വേണ്ടി ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…! ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്.
അങ്ങനെ കളിയും ഉറക്കവുമായി പോകുമ്പോള്‍ യൂത്തന്‍മാര്‍ക്ക് ഒരു തോന്നലുണ്ടായി. ആദ്യത്തെ മാച്ച് കഴിഞ്ഞ് കുറേ സമയം വെറുതെ കളയുകയല്ലേ. ആ സമയത്ത് വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ. അതിനൊക്കെ പറ്റിയ സാഹചര്യവുമുണ്ട്. കാരണം പുറത്തെ മുറിയിലാണ് ടി.വി. വെച്ചിരിക്കുന്നത്. വാതിലടച്ചാല്‍ ഫുള്‍ സേഫ്. ആരെങ്കിലും പെട്ടെന്ന് വന്ന് വിളിച്ചാല്‍ തന്നെ ഓഫ് ചെയ്ത ശേഷം വാതില്‍ തുറന്നാല്‍ മതി. പിന്നെയൊരു സ്മാള്‍ പ്രോബ്ലമുള്ളത് ഈ മുറിയില്‍ തന്നെയാണ് വിനു ഉറങ്ങുന്നത്. പക്ഷേ അവനു ഫുട്ബാളില്‍ സീറോ ഇന്ററെസ്റ്റായത് കൊണ്ട് വേഗം കിടന്നുറങ്ങും. ഇന്‍ കേസ് അവനെങ്ങാനും ഉണര്‍ന്നാല്‍ ടി.വി. കണ്ട് പേടിച്ച് പോകാതിരിക്കാന്‍ റിമോട്ട് എ.കെ.ഫോര്‍ട്ടിസെവന്‍ പോലെ റെഡിയാക്കെ വെച്ചാല്‍ മതി. വേണമെങ്കില്‍ ഒരു റാപ്പിഡ് ആക്ഷന്‍ നടത്തി 'സിങ്കിള്‍ കളര്‍ മൂവി' മാറ്റി മള്‍ട്ടി കളര്‍ ആക്കാമല്ലോ.
അങ്ങനെ യൂത്തന്‍മാര്‍ അടുത്ത ദിവസം രാത്രി ഒന്‍പത് മണി ആയപ്പോള്‍ വാടകയ്ക്ക് വി.സി.ആറും കാസറ്റുകളും സംഘടിപ്പിച്ച് ആരും കാണാതെ വീടിന്റെ തൊഴുത്തിനടുത്തുള്ള വൈക്കോല്‍കൂനയുടെ ഇടയില്‍ പൂഴ്ത്തിവെച്ചു. എന്നിട്ട് വീട്ടിലുള്ളവരൊക്കെ ഉറക്കമാവുന്നത് വരെ അക്ഷമോത്തമന്‍മാരായി കാത്തിരുന്നു. പ്രതീക്ഷിച്ചത് പോലെ കളി തുടങ്ങുന്നതിന് മുമ്പ് വിനു മുറിയുടെ മൂലയില്‍ വാഴക്കുല പോലെ മൂടിപ്പുതച്ച് ഉറക്കമായി. വീട്ടിലെല്ലാവരും ഉറക്കമായപ്പോള്‍ വിസിയാര്‍ കൊണ്ട് വന്നു ലൈറ്റൊക്കെ ഓഫാക്കി ഫുട്ബാള്‍ മാറ്റി 'നിശ്ശബ്ദചിത്രങ്ങള്‍' കാണാന്‍ തുടങ്ങി.
'നീല'ത്താമരകള്‍ രണ്ടു മൂന്നെണ്ണം പൂത്ത് വിടര്‍ന്നു. അതിനിടയില്‍ കളി കാണാന്‍ മറന്നു പോയി. അതു പിന്നെ കുറ്റം പറയാനൊക്കില്ലല്ലോ. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം!
രാവിലത്തെ റേഡിയോ വാര്‍ത്ത കേട്ടാണ് കളിയുടെ റിസള്‍ട്ട് അറിഞ്ഞത്. റോജര്‍ മില്ലയുടെ ഗോളുകളിലൂടെ കാമറൂണ്‍ റുമാനിയയെ 2-1നു മലര്‍ത്തിയടിച്ച് വിജയിച്ചിരുന്നു.
രാവിലെ ബസ് സ്റ്റോപ്പിലിരുന്ന് അജിത്തൊഴികെ എല്ലാവരും തലേന്നത്തെ 'നീലരാത്രി'യെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോള്‍ വിനു അവിടെയെത്തി. കളി കാണാതെ കുരുത്തക്കേട് കണ്ട കാര്യം വിനു അറിയാതിരിക്കാന്‍ എല്ലാവരും മാച്ച് കണ്ടത് പോലെ പറയാന്‍ തുടങ്ങി.
"എന്തൊരു കളിയാ ഇന്നലത്തെ അല്ലേ..?"
"അതെ.. സൂപ്പര്‍.. അടിപൊളി..."
"കപ്പ് കാമറൂണ്‍ കൊണ്ട് പോകും കേട്ടാ.."
"ഹേയ്.. അര്‍ജന്റീനക്ക് തന്നെയാ ചാന്‍സ്.."
"ഇന്നലത്തെ കളി കണ്ടില്ലെങ്കില്‍ ലോക നഷ്ടമാ.... അല്ലേ..?"
അതു കേട്ടയുടനെ വിനു പറഞ്ഞു. "റോജര്‍മില്ല ഭയങ്കര കളിയാ അല്ലേ...? മൂപ്പരുടെ ആ രണ്ടാമത്തെ ഗോളില്ലേ.. ഹോ.. സമ്മതിക്കണം..!"
എല്ലാവരും അത്ഭുതപ്പെട്ട് ചോദിച്ചു. "അതിനു നിനക്കെന്തു മില്ലയെ അറിയാം? നീ കളി കണ്ടില്ലല്ലോ.. ഉറക്കമല്ലേനോ..?"
"പുതപ്പിന് ഒരു ഓട്ടയുണ്ടാക്കി നിങ്ങള് കണ്ടതെല്ലാം ഞാനും കണ്ടിന്.."
ഉയര്‍ന്ന കൂട്ടച്ചിരിക്ക് ശേഷം വിനുവിന് റോജര്‍ മില്ല എന്ന് നാമകരണം ചെയ്തു.
Things you can do from here:
- Subscribe to കുമാര സംഭവങ്ങള്‍ using Google Reader
- Get started using Google Reader to easily keep up with all your favorite sites
No comments:
Post a Comment