Sunday, January 17, 2010

ഐ ലീഗ്: ഫ്‌ളഡ്‌ലൈറ്റ് തെളിഞ്ഞില്ല; കാണികള്‍ ഗ്രൗണ്ട് കയ്യേറി

ഐ ലീഗ്: ഫ്‌ളഡ്‌ലൈറ്റ് തെളിഞ്ഞില്ല; കാണികള്‍ ഗ്രൗണ്ട് കയ്യേറി


കോഴിക്കോട്: ഫ്‌ളഡ്‌ലൈറ്റ് തെളിയാത്തതിനെത്തുടര്‍ന്ന് കാണികള്‍ ഗ്രൗണ്ട് കയ്യേറിയതിനാല്‍ ഐ ലീഗ് ഫുട്‌ബോളില്‍ വിവാ കേരളയും ഫഗ്‌വാര ജെ.സി.ടി. മില്‍സും തമ്മിലുള്ള മത്സരം അലങ്കോലപ്പെട്ടു. ഗ്രൗണ്ട് കയ്യേറിയ കാണികള്‍ കസേരകളും കൊടിമരവും തകര്‍ത്തു. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം വേദിയായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയ പോലീസ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.
സ്റ്റേഡിയത്തിലെ നാല് ഫ്‌ളഡ്‌ലൈറ്റ് ടവറുകളില്‍ കളി ആരംഭിക്കേണ്ട സമയം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും മൂന്നെണ്ണമാണ് കത്തിയത്. ഇതേത്തുടര്‍ന്ന് കാണികള്‍ ഗ്രൗണ്ട് കയ്യേറിയതോടെ മത്സരം മാറ്റിവെച്ചതായി സംഘാടകര്‍ പ്രഖ്യാപിച്ചു. കാണികള്‍ ഗ്രൗണ്ടിലേക്ക് വന്നതോടെ വിവാകേരളയുടെയും ജെ.സി.ടി.യുടെയും കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. കാണികളുടെ ആക്രമണത്തെ തുടര്‍ന്ന്, പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ അതിക്രമം. ഓഫീസിലേക്ക് ബൈക്കില്‍ മടങ്ങാന്‍ തുടങ്ങുകയായിരുന്ന മംഗളം ഫോട്ടോഗ്രാഫര്‍ രാജേഷ് മേനോന് നേരെയാണ് കസബ സ്റ്റേഷനില്‍ നിന്നെത്തിയ മൂന്നംഗ പോലീസ് സംഘം അതിക്രമം നടത്തിയത്. പോലീസുകാര്‍ തെറിവിളിക്കുകയും ചവിട്ടുകയും ചെയ്തു. ഇതോടെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വാഹനം വളഞ്ഞു. പിന്നീട് മറ്റ് പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരോട് ചര്‍ച്ച നടത്തുകയും സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് രംഗം ശാന്തമായത്.

കോഴിക്കോടിന് തിരിച്ചടിയാകും
കോഴിക്കോട്: ഐ ലീഗ് ഫുട്ബാളില്‍ വിവാ കേരള-ജെ.സി.ടി. മത്സരം മാറ്റിവെക്കേണ്ടിവന്നത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശ്രമിക്കുന്ന കോഴിക്കോടിന് തിരിച്ചടിയാകും. ഫ്‌ളഡ്‌ലിറ്റ് കത്താത്തതിനെ തുടര്‍ന്നാണ് ഐ ലീഗിലെ
വിവാ കേരള-ജെ.സി.ടി. ഒമ്പതാം റൗണ്ട് മത്സരം മാറ്റിയത്. കളി കാണാനെത്തിയെ ആരാധകര്‍ ക്ഷമകെട്ട് ഗ്രൗണ്ട് കൈയേറുകയും അക്രമം നടത്തുകയും ചെയ്തത് കോഴിക്കോടിന്റെ ഫട്ബാള്‍ പാരമ്പര്യത്തിന് കളങ്കമായി. മുടങ്ങിയ മത്സരം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും.

ദേശീയ തലത്തിലെ ഒന്നാംകിട ലീഗായ ഐ. ലീഗിന്റെ നടത്തിപ്പിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നതാണ് ശനിയാഴ്ചത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. നിശ്ചയിച്ച സമയത്തിനും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും നാലാമത്തെ ഫ്‌ളഡ് ലൈറ്റ്കത്തിക്കാന്‍ സംഘാടകര്‍ക്കായില്ല. ഇതോടെയാണ് കാണികള്‍ ഇരിപ്പിടം വിട്ട് ഗ്രൗണ്ടിലിറങ്ങിയത്.

കാണികള്‍ ഗ്രൗണ്ടിലേക്കിറങ്ങി പന്ത് തട്ടുകയും ഗോള്‍പോസ്റ്റില്‍ ഊഞ്ഞാലാടുകയും ചെയ്തു. തടയാന്‍ സംഘാടകരോ പോലീസോ ഗ്രൗണ്ടിലുണ്ടായിരുന്നില്ല. കാണികള്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന പ്രതീതി വന്നതോടെ കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് രക്ഷപ്പെട്ടു. ഇതിനുശേഷമാണ് കസേരകളും മറ്റും തകര്‍ക്കല്‍ നടന്നത്.

വിദേശ ടീമുകളെ ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ തലത്തില്‍ കോഴിക്കോട് ടൂര്‍ണമെന്റ് നടത്താന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഭവങ്ങള്‍ സംഘാടകര്‍ക്ക് കനത്ത തിരിച്ചടിയാണ്. സമ്പന്നമായ കളിപാരമ്പര്യവും മികച്ച രീതിയില്‍ കളി സംഘടിപ്പിച്ചതിന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അംഗീകാരവും നേടിയ വേദിയിലാണ് ഫുട്ബാളിന് നാണക്കേടായ സംഭവങ്ങള്‍ അരങ്ങേറിയത്.

ഫെഡറേഷന്‍ കപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്തിയശേഷം ഐ ലീഗില്‍ ഹോം മത്സരം കളിക്കുന്ന വിവയുടെ കളി കാണാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു.

ഫ്‌ളഡ്‌ലൈറ്റ് ഒഴിവാക്കി ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കളി നടത്താനാണ് സംഘാടകര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച ടിക്കറ്റെടുക്ക കാണികള്‍ അതേ ടിക്കറ്റ് ഉപയോഗിച്ച് മത്സരം കാണാമെന്ന് സംഘാടകര്‍ അറിയിച്ചു.


--
tushizap.blogspot.com (with an urge to influence u) :)-

No comments:

Post a Comment